
അബുദാബി: അബുദാബിയിലെ റുവൈസ് വ്യവസായ മേഖലയിലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ അഗ്നിബാധ. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാൻ ശ്രമം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, അമേരിക്കയ്ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. സ്വയം ഇല്ലാതാകാതിരിക്കാൻ അമേരിക്ക ശ്രദ്ധിക്കണമെന്ന് ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാറിജാനി മുന്നറിയിപ്പ് നൽകി. “ത്യാഗസന്നദ്ധരായ ജനതയുള്ള രാജ്യമാണ് ഇറാൻ. നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ ശക്തരായ പലർക്കും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ സ്വയം ഇല്ലാതാകാതിരിക്കാനാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്,” എന്നാണ് ലാറിജാനി എക്സിൽ കുറിച്ചത്.
യുഎസും ഇസ്രയേലും ആക്രമണ നടപടികൾ തുടരുകയാണെങ്കിൽ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണം അനുവദിക്കില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, എണ്ണവിതരണത്തിൽ തടസ്സം സൃഷ്ടിച്ചാൽ ഇറാനെ കൂടുതൽ ശക്തമായി ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറുപടി നൽകി.
അതിനിടെ, വടക്കൻ ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ സൈന്യത്തിന് നേരെ വലിയ നാശനഷ്ടം ഉണ്ടാക്കിയതായി ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. സംഘർഷം അധികം വൈകാതെ അവസാനിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം, യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാനാണെന്നായിരുന്നു ടെഹ്റാന്റെ പ്രതികരണം.











